സഹന മാതൃത്വം .... സഹനമെന്ന വാക്കിന്റെ ഉത്തരമാണ് മീനാക്ഷി ടീച്ചർ. അവരനുഭവിച്ചോളം വേദന മറ്റാർക്കും ഉണ്ടായിട്ടുണ്ടാവില്ല. പള്ളിക്കുന്ന് അഴീക്കോടൻ ഹൗസിൽ പോയ വർക്കെല്ലാം മീനാക്ഷി ടീച്ചർ കലർപ്പില്ലാത്ത സ്നേഹ വാത്സല്യം അറിയാം. വീട്ടിലെത്തുന്നവർ ആരാകട്ടെ, അപരിചിതരായാലും സ്വീകരിച്ചിരുത്തും. മക്കളെ വിളിച്ചു ഓർമിക്കും. ചായ കൊടുക്കെ ... മടി കാണിച്ചാൽ അടുത്തിരുത്തി കഴിപ്പിക്കും. ഇതെക്കുറിച്ച് ചോദിച്ചാൽ" അവര്(അഴിക്കോടൻ ) ഇല്ലപ്പോളേ ഇങ്ങനെയാ ...ആരു വന്നാലും ചായ കൊടുക്കാൻ പറയും " ആ ശീലം മീനാക്ഷി ടീച്ചർ ഉപേക്ഷിച്ചില്ല. അവസാനം വരെയും തുടർന്നു. ആ അമ്മമനസിന്റെ അതുല്യമായ അനുഭവങ്ങൾ കോറിയിടണമെന്നു കരുതിയിരുന്നു. 1956 മെയ് 20 നാണ് സ. അഴീക്കോടന്റെ ജീവിത സഖിയായത്. കെ പി എ സി സുലോചനയുടെയും ജോർജിന്റെയും പാട്ടുകച്ചേരി വിവാഹത്തിനുണ്ടായിരുന്നു. എ കെ ജി അടക്കമുള്ള നേതാക്കൾ. സുശീല ഗോപാലനും ശാരദ ടീച്ചറും കണ്ണൂർ എൻജി ഒ ക്വാർട്ടേഴ്സിനടുത്തെ വീട്ടിലെത്തും. 1956 ൽ പള്ളിക്കുന്ന് യുപിയിൽ അധ്യാപിക. 1966 മുതൽ 79 വരെ പ്രധാനാധ്യാപിക. പള്ളിക്കുന്ന് സ്കൂൾ ഇന്നു കാണുന്ന നിലയിലേക്ക് വളർത്തുന്നതിൽ ടീച്ചർക്കുമുണ്ടൊരു പങ്ക്. 33 വർഷത്തെ അധ്യാപകജീവിതം. മൂപ്പതാണ്ടും പള്ളിക്കുന്നിൽ. 1963 ൽ കണ്ണൂരിലെ വാടക വീട് ഒഴിയേണ്ടി വന്നു. പള്ളിക്കുന്നിലേക്ക് മാറി. തറ കെട്ടിവച്ചു. 1972 സെപ്തംബർ 23. അഴീക്കോടനെ തൃശൂർ ചെട്ടിപിടികയിൽ വച്ച് കാപാലികർ അരുംകൊല ചെയ്തു. പറക്കമുറ്റാത്ത അഞ്ചു കുട്ടികളും രണ്ടമ്മമാരും . മീനാക്ഷി ടീച്ചർ അതിജീവിച്ചു. കണ്ണീർതൂകാതെ ഒരു ദിനം പോലും അവർക്കുണ്ടായിരുന്നില്ല. ഹ്രസ്വമായ ദാമ്പത്യ ജീവിതം. ജീവിതം കൂട്ടിമുട്ടിക്കാനുള്ള യാതനകൾ . അതിജീവനത്തിന്റെ മഹാധ്യായമായിരുന്നു മീനാക്ഷി ടീച്ചർ. അഴീക്കോടനെക്കുറിച്ച് ചോദിച്ചാൽ വിതുമ്പും . പൂമാലയിട്ട് പൂമുഖത്തുള്ള അഴീക്കോടന്റെ ഫോട്ടോ നോക്കി കണ്ണീർ തുടക്കും. പരിഭവങ്ങളില്ലാതെ എൺപത്തിനാലു വർഷം അഴീക്കോടന്റെ ജീവിതപാതയിൽ ഇടറാതെ നിന്നു .